തിരുവനന്തപുരം : കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിലെ ആരോഗ്യ രംഗത്തിന്റെ പിണറായിക്കാലത്തെ നേരവസ്ഥയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വകുപ്പ് മേധാവിയായ ഡോ.ഹാരിസ് ചിറക്കൽ വെളിപ്പെടുത്തിയതെന്ന് വി ടി ബൽറാം എം എൽ എ.സമ്മർദ്ദത്തേത്തുടർന്ന് അദ്ദേഹത്തിന് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കേണ്ടി വന്നുവെങ്കിലും പറഞ്ഞ കാര്യങ്ങളൊക്കെ ഇന്നിന്റെ യാഥാർത്ഥ്യമാണ്. ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് കാരണം നിരവധി ഓപ്പറേഷനുകൾ മാറ്റി വക്കേണ്ടി വരുന്നതായി ഡോ. ഹാരിസ് വെളിപ്പെടുത്തുന്നു. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ സാമ്പത്തികശേഷിയില്ലാത്ത നൂറുകണക്കിന് സാധാരണ മനുഷ്യരാണ് ഇതിന്റെ ഇരകൾ എന്ന് കൂടി ഡോക്ടർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും പ്രശ്നപരിഹാരങ്ങൾക്കായി ചെറുവിരലനക്കാൻ ആരും താത്പര്യം കാണിക്കാത്തതുകൊണ്ടാണ് സേവനസന്നദ്ധരായ ആളുകൾക്ക് പോലും മനംമടുപ്പ് ഉണ്ടാവുന്നത്.

ആരോഗ്യ വകുപ്പ് ഭരണത്തിനെതിരെ ശക്തമായ വിമർശനമുന്നയിക്കുന്ന ഡോ.ഹാരിസ് ഒരു കോൺഗ്രസുകാരനോ യുഡിഎഫുകാരനോ ആണെന്ന് കരുതുന്നില്ല. കാരണം, ഈയടുത്ത ദിവസം പോലും നിലമ്പൂരിലെ എം. സ്വരാജിന്റെ തോൽവിയെ ന്യായീകരിച്ചു കൊണ്ടുള്ള സിപിഎം ക്യാപ്സ്യൂൾ രൂപത്തിലുള്ള ഒരു പോസ്റ്റ് ഇതേ ഡോക്ടറുടേതായി കണ്ടിരുന്നു. (സർക്കാർ സർവ്വീസിലുള്ള ഒരാൾ അങ്ങനെ പ്രത്യക്ഷമായി കക്ഷിരാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയാണോ എന്നത് വേറെ കാര്യം)

ഏതായാലും പിആർ പൊലിപ്പിക്കലുകൾക്കപ്പുറം കേരളത്തിലെ ആരോഗ്യ രംഗത്തെ ദുരവസ്ഥയേക്കുറിച്ച് സത്യസന്ധമായ വിലയിരുത്തലുകൾ ഉണ്ടാവണം. അടിയന്തരമായ പരിഹാരങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു
