തിരുവോണം ആരാധന ഞായറാഴ്ച
കൊട്ടിയൂർ ( കണ്ണൂര്‍) : വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തിയ ഭക്തജനത്തിരക്കിൽ വെള്ളിയാഴ്ച കൊട്ടിയൂർ വൈശാഖോത്സവ നഗരി വീർപ്പുമുട്ടി. രാവിലെ മുതൽ ആരംഭിച്ച തിരക്കിന് ഉച്ചക്കഴിഞ്ഞാണ്അൽപ്പം ശമനമുണ്ടായത്. ഭക്തജനങ്ങളെക്കൊണ്ട് തിരുവഞ്ചിറ നിറഞ്ഞപ്പോൾ കിഴക്കേ നടയിൽ മന്ദംചേരി പാലം വരെയും പടിഞ്ഞാറെ നടയിൽ നടുക്കുനി പാലം വരെയും ദർശനത്തിനുള്ള ക്യൂ നീണ്ടു. പ്രകൃതിയുടെ ഉത്സവമായി കരുതുന്ന വൈശാഖോത്സവത്തിൽ ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയെ പോലും അനുഗ്രഹമായി കരുതിയാണ് ഭക്തർ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയത്. ചെറു വാഹനങ്ങൾ കൂടാതെ ടൂറിസ്റ്റ് ബസ്സുകളിലടക്കം കേരളത്തിന് പുറമെ കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളും വൈശാഖോത്സവത്തിൽ എത്തിച്ചേരാൻ തുടങ്ങിയതും ഭക്തജന തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ഞായറാഴ്ച നടക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടക്കുക. തിരുവോണ ആരാധന ദിവസം മുതൽ ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കും.
